സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 9 March 2017

ഇമാം അബൂഹനീഫയും നിരീശ്വരവാദികളും


കുറച്ചു നിരീശ്വരവാദികൾ ഇമാമുൽ അഅ'ളം അബൂഹനീഫ (റ)വിനെ കാണാൻ വന്നു. അവരുടെ ചോദ്യം: "നിങ്ങളുടെ ദൈവം ഏത് വർഷമാണ് ഉണ്ടായത്?"
അദ്ദേഹം പറഞ്ഞു: "ചരിത്രവും സമയവും രൂപപ്പെടുന്നതിനു മുമ്പേ അവനുണ്ട്. അവന്റെ ഉൺമക്ക് ആരംഭമില്ല".
തുടർന്നദ്ദേഹം ചോദിച്ചു: "നാലിനു മുമ്പെത്ര?"
          "മൂന്ന് "
          "മൂന്നിനു മുമ്പോ?"
          "രണ്ട് "
           "രണ്ടിന്റെയും മുമ്പോ?"
           "ഒന്ന്"
           " ഒന്നിന്റെയും മുമ്പ്?''
           "അതിന്റെ മുമ്പ് സംഖ്യയില്ല"
അബൂഹനീഫ (റ) പറഞ്ഞു: "ഗണിതത്തിലെ ഒന്നിനു മുമ്പ് വേറെയൊന്നുമില്ലായെങ്കിൽ പരമയാഥാർത്ഥ്യത്തിലുള്ള ഒന്നിനു മുമ്പ് മറ്റൊന്നെങ്ങനെയുണ്ടാകും. അതിനാൽ അല്ലാഹു അനാദിയാണ്; അവന്റെ ഉൺമക്ക് ആരംഭമില്ല".

അവരുടെ അടുത്ത ചോദ്യം: "നിങ്ങളുടെ ദൈവം ഏതു ഭാഗത്താണു പ്രത്യക്ഷപ്പെടുക?"
അബൂഹനീഫ (റ): "ഇരുട്ടുള്ള മുറിയിൽ വിളക്കു തെളിച്ചാൽ ഏതു ഭാഗത്താണ് വെളിച്ചം പ്രത്യക്ഷമാകുക?"
           "എല്ലായിടത്തും"
           "നിങ്ങൾ തെളിക്കുന്ന വെളിച്ചം തന്നെ ഇങ്ങനെയാണെങ്കിൽ ഭുവനവാനങ്ങളുടെ നിറപ്രഭയായ അല്ലാഹു ഏതു ഭാഗത്താണെന്ന ചോദ്യത്തിനെന്തർത്ഥം?"
          "ശരി. നിന്റെ ദൈവം എങ്ങനെയിരിക്കും? ഇരുമ്പു പോലെ ഉറച്ചോ, ജലം പോലെ ഒഴുകിയോ അല്ല, പുക പോലെ പാറി നടന്നോ?"
അബൂഹനീഫ(റ) തിരിച്ചു ചോദിച്ചു: "നിങ്ങൾ മരണാസന്നനെ കണ്ടിട്ടുണ്ടോ?"
           "ഉണ്ട്"
           "മരണം പിടികൂടിയതിനു ശേഷം നിങ്ങളയാളോട് സംസാരിച്ചിട്ടുണ്ടോ?"
            "ഇല്ല"
            "മരണത്തിനു മുമ്പയാൾ സംസാരിക്കുകയും ചലിക്കുകയും ചെയ്തിരുന്നല്ലോ?"
           "അതേ"
           "പിന്നെയിപ്പോളെന്തു പറ്റി?"
           "ആത്മാവ് പോയില്ലേ!"
           "ആത്മാവ് പോയെന്നോ? അതെന്താ സംഗതി?? അതെങ്ങനെയിരിക്കും??? ഇരുമ്പു പോലെ ഉറച്ചോ, ജലം പോലെ ഒഴുകിയോ അല്ല, പുക പോലെ പാറി നടന്നോ? ഒന്നു പറഞ്ഞു തരാമോ?"
           "അത്..., അത്.. അതെങ്ങനെയെന്നറിയില്ല"
           "സൃഷ്ടി സഹജമായ ആത്മാവിന്റെ പ്രകൃതം എന്തെന്ന് പറയാൻ നിങ്ങൾക്കാകുന്നില്ല. പിന്നെയെങ്ങനെ സ്രഷ്ടാവിന്റെ പ്രകൃതം ഞാൻ വർണിക്കണം?!"

 

സജീർ ബുകാരി