സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 13 March 2018

അബൂബക്ർ അഹ്മദ് (ശൈഖുനാ കാന്തപുരം)






ജനനം: 1939 മാർച്ച് 22. കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ആലുങ്ങാപൊ യിൽ തറവാട്ടിൽ. പിതാവ്: പ്രമുഖ ഖുർആൻ പണ്ഡിതൻ മൗത്തരിയിൽ അഹ്മദ് കുട്ടി ഹാജി. മാതാവ് : കുഞ്ഞീമ്മ ഹജ്ജുമ്മ.
മൂസാ സോന്കാൽ 
http://sunnisonkal.blogspot.com
പഠനം.

കാന്തപുരം എ. എം . എൽ. പി. സ്കൂളിൽ നിന്ന് പ്രാഥമിക മത ഭൗതിക വിദ്യാഭ്യാസം നേടി. പിന്നീട് ഹയർ  `എലിമെന്ററി വിദ്യഭ്യാസം പൂർത്തിയാക്കി. പ്രമുഖ ഖാരിഅ് വെണ്ണക്കോട് പുത്തൂർ അബ്ദുല്ലാ മുസ്ലിയാരിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കി.

തുടർന്ന് മർഹൂം എൻ. അബ്ദുൽ ഹമീദ് മുസ്ലിയാരിൽ നിന്ന് കാന്തപുരത്ത് വെച്ച് മൂന്നു വർഷവും മർഹൂം കെ  പോക്കർ കുട്ടി മുസ്‌ലിയാരിൽ നിന്ന് വാവാട് വെച്ച്  രണ്ട് വർഷവും മർഹൂം കെ കെ അബൂബക്ർ ഹസ്രത്തിൽ നിന്ന് വീണ്ടും കാന്തപുരത്ത് വെച്ച് രണ്ട്  വർഷവും മർഹൂം എം ഇമ്പിച്ചാലി മുസ്‌ലിയാരിൽ  നിന്ന് കോളിക്കലിൽ വെച്ച് മൂന്ന് വർഷവും മർഹൂം ഒ . കെ  സൈനുദ്ദീൻ കുട്ടി മുസ്‌ലിയാരിൽ നിന്ന് തക്കടത്തൂരിൽ വെച്ച്  രണ്ട്  വർഷവും ചാലിയത്തുവെച്ച് വർഷവും കിതാബുകൾ പഠിച്ചു .

മർഹൂം എൻ ഹമീദ് മുസ്ലിയാരിൽ നിന്ന് മീസാൻ മുതൽ അല്ഫിയ്യയുടെ തുടക്കം വരെയും മുതഫരിദ്  മുതൽ ഫത്ഹുൽ മുഈനിന്റെ തുടക്കം വരെയും പഠിച്ചു. മർഹൂം കെ പോക്കർകുട്ടി മുസ്ലിയാരിൽ നിന്ന് അല്ഫിയ്യയും ഫത്ഹുൽ മുഈനും അദ്കിയാഅ്, റസ്സാനത്ത്, തുടങ്ങിയ ബൈത്തുകിതാബുകളും മറ്റും പഠിച്ചു. മർഹൂം കെ കെ അബൂബക്ർ ഹസ്രത്തിൽ  നിന്ന് മിശ്കാത്തുൽ മസ്വാബീഹ്, ജലാലയ്‌നി, നഫാഇസ്, ഒന്നാം ജുസ്അ് മഹല്ലി, മുഖ്തസ്‌റുൽ മആനി മുതലായവ പഠിച്ചു . മർഹൂം ഇമ്പിച്ചാലി ഉസ്താതിൽ നിന്ന് മഹല്ലിയുടെ ബാക്കി വാള്യങ്ങളും മിശ്കാത്തിന്റെ ബാക്കിയും ശർഹുൽ  അഖാഇദും മറ്റും ഓതി. മർഹൂം ഓ കെ ഉസ്താദിൽ നിന്ന് ശര്ഹുല് അഖാഇദ്, ജംഉൽജവാമിഅ്, തശ്‌രീഹുൽ അഫ്‌ലാഖ്, മയ്ബദീ, ചഗ് മീനി, മുല്ലാഹസൻ, ബൈളാവി, സ്വഹീഹുൽ ബുഖാരിയുടെ മൂന്നിലൊന്നു മുതലായവ പഠിച്ചു .

തുടർന്ന് 1961 -64 -ൽ വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽ ഉപരിപഠനം നടത്തി  1963 ഡിസംബർ മുപ്പത്തിന് ബാഖിയാത്തിൽ നിന്നും  'മൗലവി ഫാസിൽ ബാഖവി ' ബിരുദം (സനദ്) നേടി.

അധ്യാപനം .
വെല്ലൂർ  ബാഖിയാത്തുസ്സ്വാലിഹാത്തിൽ നിന്ന് മൗലവി ഫാസിൽ ബാഖവി ബിരുദം കരസ്ഥമാക്കിയശേഷം  1964 -ൽ മങ്ങാട് എളേറ്റിൽ ജുമാമസ്ജിദിൽ ദർസ് ആരംഭിച്ചാണ് അധ്യാപനമേഖലയിലേക്ക് ഔദ്യോഗികമായി കാലെടുത്തുവെച്ചത്. മൂന്നുവർഷം പ്രസ്തുത പള്ളിയിൽ ദർസ് നടത്തിയശേഷം കോളിക്കൽ പള്ളിയിലേക്ക് മാറി. അവിടെ മൂന്നുവർഷം ദർസ് നടത്തിയശേഷം കാന്തപുരത്ത് ആറുവർഷം ദർസ് നടത്തി.


തുടർന്ന് 12 / 4 / 1981 -ൽ മർകസുസ്സഖാഫത്തുസ്സുന്നിയ്യയ്യിൽ മർഹൂം കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ ഫത്ഉൽമുഈൻ ഓതിക്കൊടുത്ത് ശരീഅത്ത് കോളേജ് ആരംഭിച്ചതുമുതൽ അധ്യാപനം മർകസിലേക്ക് നീങ്ങി.

4 / 8 1983 -ന് ബഹു സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ അൽ ബുഖാരി ഉള്ളാൾ സ്വഹീഹുൽ ബുഖാരി 'കയ്ഫകാന ബദ്ഉൽവഹ്‌യ്....' എന്ന അദ്ധ്യായം ഓതിക്കൊടുത്ത് 'മൗലവിഫാസിൽ സഖാഫി'  ബിരുദം ആരംഭിച്ചു.

17 / 8 / 1988  മർഹൂം കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ  ;മൗലവി കാമിൽ സഖാഫി' ബിരുദം ഉദ്ഘാടനംചെയ്തു.

5 / 2 / 1999-ൽ ഫിഖ്ഹ്  തഖസ്സ്വുസും  അദബ്  തഖസ്സ്വുസും ശൈഖുനാ ഉദ്ഘാടനം ചെയ്തു. ഇപ്പോൾ കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ: ശരീഅത്ത് കോളേജ് പ്രിസിപ്പലുമാണ്.

പ്രസംഗം.

ഖണ്ഡന പ്രസംഗങ്ങളിൽ മികവുപുലർത്തിയ ശൈഖുനാ ഒട്ടേറെ വാദപ്രതിവാദങ്ങളിൽ പുത്തൻവാദികളെ പരാജയപ്പെടുത്തിയിട്ടുണ്ട്.  കുറ്റിച്ചിറ, പെരുമ്പടപ്പിലെ ഐലൂർ  പാലക്കാട്ടെ കുറ്റൂർ , പട്ടാമ്പി, പുളിക്കൽ, വലിയപറമ്പ് , കൊട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന വാദപ്രതിവാദങ്ങളിൽ ശൈഖുനായുടെ സമര്ഥനം ഏറെ ശ്രദ്ധപിടിച്ചു  പറ്റിയിട്ടുണ്ട്.


സംഘടനാ പ്രവർത്തനം

1974 -ൽ സമസ്ത കേന്ദ്രമുശാവറയിൽ അംഗത്വം ലഭിച്ചു.തുടർന്ന് സെക്രട്ടറിയുമായി. സമസ്തയുടെ ജനറൽബോഡി വിളിച്ചുചേർക്കാത്തതിനെത്തുടർന്ന്  1989 -ൽ ബഹു ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി വിളിച്ചു ചേർത്ത സമസ്തയുടെ ജനറൽബോഡിയോഗത്തിൽവെച്ച് സമസ്തയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

1976 -ൽ അവിഭക്ത സമസ്ത ദേശീയ തലത്തിൽ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയ മൂന്നംഗ കമ്മിറ്റിയിൽ അംഗമായിരുന്നു.  1992-ൽ പ്രസ്തുത ദേശീയ കമ്മിറ്റി നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. 1975 മുതൽ സമസ്തകേരള സുന്നിയുവജന സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ശഖുനാ പിന്നീട് അതിന്റെ പ്രസിഡന്റായും ഇപ്പോൾ സുപ്രീം കൌൺസിൽ സെക്രട്ടറിയായും തുടരുന്നു.


1993-ൽ കോഴിക്കോട് ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായി അധികാരമേറ്റ ശൈഖുനാ നിരവധി മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ചുവരുന്നു. ഇതിനു പുറമെ കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ മതസ്ഥാപനങ്ങളുടെ പ്രസിഡന്റും ഉപദേഷ്ടാവുമാണ് ശൈഖുനാ.

പ്രധാന ശിഷ്യന്മാർ 

എ.പി. മുഹമ്മദ്മുസ്‌ലിയാർ കാന്തപുരം, കെ. കെ. മുഹമ്മദ് മുസ്‌ലിയാർ കരുവംപൊയിൽ, മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, മർഹൂം അണ്ടോണ മുഹ്‌യദ്ദീൻ മുസ്‌ലിയാർ, തുടങ്ങിയവർ ദർസിൽനിന്നുള്ള ശിഷ്യന്മാരി പ്രധാനികളാണ്. 6000 -ൽ പരം വരുന്ന സഖാഫിമാരും കാമിൽ സഖാഫിമാരും ശൈഖുനായുടെ ശിഷ്യസമ്പത്താണ്.

ഗ്രൻഥങ്ങൾ

വിശുദ്ധ പ്രവാചകന്മാർ, സ്ത്രീജുമുഅഃ ജമാഅത്ത് , കൂട്ടുപ്രാർത്ഥന , അമേരിക്കയിലെ അനുഭവങ്ങൾ, അൽഹജ്ജ്‌ , തുടങ്ങിയ മലയാള കൃതികളും
ഇസ്വ്‌മത്തുൽ അമ്പിയാ, ഇള്ഹാറുൽ ഫറഹി വസ്സുറുർബി മീലാദുന്നബിയ്യിൽ മബ്‌റൂർ, അൽബറാഹീനുൽ ഖത്വ്ഇയ്യ: ഫിറദ്ദി അലൽഖാദിയാനിയ്യ:, അൽഅവാഇദുൽവജ്ദിയ്യ ഫീ ശര്ഹിൽ  ഖസ്വാഇദിൽ വിത് രിയ്യ;, രിയാളുത്ത്വാലിബീൻ , ശർഹുസ്വഹീഹിൽബുഖാരി  (കിതാബുതൗഹീദ്),ഫയളാനുൽ മുസൽസല, തഅളീമുൽഅകാബിർ വഇഹ്തിറാമുശ്ശആഇർ, വസീലത്തുൽ ഇബാദ് , അൽഇത്തിബാഉ വാൽഇബ്തിദാഅ, തുടങ്ങിയവ അറബി കൃതികളുമാണ്.

വിദേശപര്യടനം

അമേരിക്ക, ഈജിപ്ത് ,മലേഷ്യ , സൗദി അറേബ്യാ , ഖത്തർ , ബഹ്‌റൈൻ, യു . എ .ഇ . കുവൈത്ത്, ഒമാൻ ,ജോർദാൻ, ലിബിയ ,തുർക്കി,മൊറോക്കോ, ലണ്ടൻ, ഓസ്‌ട്രേലിയ...  തുടങ്ങിയ രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 1992 - ൽ  ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തകനുള്ള ദാറുൽ ഇസ്‌ലാം അക്കാദമി അവാർഡും 2000 -ൽ  ഇന്ത്യൻ ഇസ്‌ലാമിക് അവാർഡും ലഭിച്ചിട്ടുണ്ട്.  ഇതിനുപുറമെ ഇന്തോ  അറബ് ഇസ്‌ലാമിക് പേഴ്‌സണാലിറ്റി അവാർഡ് അബുദാബിയിൽ നിന്നും ഹോളി ഖുർആൻ  അവാർഡ് ദുബായിൽ നിന്നും 2008 -ൽ ഇന്റർ നാഷണൽ ഇസ്‌ലാമിക് ഹെരിറ്റേജ് അവാർഡും ലഭിച്ചിട്ടുണ്ട്.

മഹാന്മാരുമായുള്ള ബന്ധം 

ഔലിയാക്കളെയും സയ്യിദന്മാരെയും ആലിമീങ്ങളെയും മുതഅല്ലിമുകളെയും അങ്ങേയറ്റം പ്രിയം വെക്കുന്നവരും ആദരിക്കുന്നവരുമാണ് ശൈഖുന. മഹാന്മാരെ സന്ദർശിക്കുവാനും അവരുടെ ആശീർവാദങ്ങളും  ദുആയും കരസ്ഥമാക്കുവാനും വേണ്ടി എന്തുത്യാഗവും ചെയ്യുവാനും ശൈഖുനാക്ക് മടിയില്ല. അവരുടെ പ്രാർത്ഥനയും ഗുരുത്വവുമാണ് തന്റെ വിജയത്തിന്റെ നിദാനമെന്ന്  ശൈഖുന  ഉറച്ചുവിശ്വസിക്കുന്നു.  അവേലത്ത് സയ്യിദ് കുടുംബവുമായി ശൈഖുനാക്ക് ചെറുപ്പം മുതൽക്കേ നല്ല ബന്ധമായിരുന്നു. ശൈഖുനായുടെ വാക്കുകൾ ശ്രദ്ദിക്കുക. "ചെറുപ്പ നാളിലെ എനിക്കാകുടുംബവും തങ്ങന്മാരുമായി നല്ല ഹൃദയബന്ധമായിരുന്നു. അഹ്ലുബൈത്തിനെ സ്നേഹിക്കുന്നതിലൂടെ ആത്മാവിന്റെ വിശുദ്ദിയാണ് ഇവിടെ നാം വീണ്ടെടുക്കുന്നത്. മുഹമ്മദുർറസൂൽ (സ) ആദരവോടെയാണ് അഹ്‌ലുബൈത്തിനെക്കുറിച്ച് ലോകത്തോട് സംസാരിച്ചത്".  (മർകസുൽഉലൂം: 2009 : പേ:11)

 കേരളത്തിൽ അറിയപ്പെട്ടവരും അല്ലാത്തവരുമായ സ്വൂഫിവര്യന്മാരുമായും ശൈഖുനായ്ക്ക്  നല്ല ബന്ധമായിരുന്നു. അവരിൽ പ്രമുഖരാണ് മഹാനായ വലിയുല്ലാഹി സി. എം. അബൂബക്ർ മുസ്‌ലിയാർ (ന.മ).  പ്രതിസന്ധിഘട്ടങ്ങളിൽ അവിടുത്തെ നിർദ്ദേശപ്രകാരമായിരുന്നു ശൈഖുന  കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.

മതഭൗതികസാംസ്കാരിക കേന്ദ്രമായ മർകസ് സ്ഥാപിക്കാൻ തീരുമാനിച്ച ശേഷം പല സ്ഥലത്തും അനിയോജ്യമായ സ്ഥലം അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് ബഹുശൈഖുനയും സയ്യിദ് ഫസ്ൽ തങ്ങളും കൊടുവള്ളി അധികാരി ടി.കെ. കുഞ്ഞഹമ്മദാജിയും ബഹു സി.എം. വലിയ്യുല്ലാഹിയെ സന്ദർശിച്ചു കാര്യമുണർത്തി. 'സുന്നിയുവജനസംഘത്തിന്റെ സംസ്ഥാന സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. ആ സമ്മേളനത്തിൽത്തന്നെ സ്ഥാപനത്തിന് തറക്കല്ലിടണം. പക്ഷെ സ്ഥലം ശരിയായിട്ടില്ല.'

"പോകുന്ന യാത്രയിൽ തന്നെ സ്ഥലം കിട്ടും".  മടവൂർ പറഞ്ഞു: ശൈഖുനാ പറയുന്നു: ഞങ്ങൾ പ്രതീക്ഷയോടെ യാത്ര തിരിച്ചു. യാത്രക്കിടയിൽ കാരന്തൂരിനും കുന്ദമംഗലത്തിനുമിടയിൽ സ്ഥലം വിൽക്കാനുണ്ടെന്നു അറിവ് കിട്ടി. അവിടം സന്ദർശിച്ചപ്പോൾ സ്ഥാനത്തിനു പറ്റുമെന്ന് ബോധ്യപ്പെട്ടതോടെ അഡ്വാൻസ് കൊടുത്ത് സ്ഥലം കച്ചവടമുറപ്പിച്ചു. എട്ടേക്കർ സ്ഥലമാണ് പടയാളിപ്പറമ്പിൽ മർകസിനായി ആദ്യം വാങ്ങിയത്. സി.എം. അവർകൾ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സുജൂദ് ചെയ്തിരുന്ന സ്ഥലങ്ങളിൽ ആ സ്ഥലവും ഉൾപ്പെടുന്നു.


ശൈഖുന പറയുന്നു: സി. എം.വലിയുല്ലാഹി(ന.മ) യുമായി മൂന്ന്  പതിറ്റാണ്ടിലേറെ കാലം ഞാൻ ഇടപഴകിയിട്ടുണ്ട്. ആ കാലയളവിനുള്ളിൽ എനിക്ക് നേരിട്ട് തന്നെ അനുഭവപ്പെട്ട കറാമത്തുകൾ നിരവധിയാണ്. രണ്ടു പതിറ്റാണ്ടുകൾക്കുമുമ്പ്  കോഴിക്കോട് താമസിച്ചിരുന്ന ബഹുമാനപ്പെട്ട ശൈഖ് മൊയ്തീൻ സാഹിബിനോടപ്പം ശൈഖുനാ സി. എം. (ന.മ) ഒരു വീട്ടിൽ മഴിഞ്ഞുകൂടിയിരുന്ന കാലഘട്ടമായിരുന്നു. ആ കാലത്ത് അധികമാരോടും സംസാരിക്കാറില്ല.ഞാനൊരിക്കൽ അവിടെ ചെന്ന അവസരത്തിൽ അല്ലാഹുവിന്റെ യഥാർത്ഥ ഔലിയാക്കളുടെ സവിശേഷതകളും കള്ളാ ഔലിയാക്കളുടെ ദുർഗുണങ്ങളും വിശദീകരിച്ച്  അന്ന് വൈകുന്നേരം വരെ എന്നോട് സംസാരിക്കുകയുണ്ടായി. ശൈഖുനായുടെ വിശദീകരണം കേട്ട് ആകൃഷ്‌ടനായ ഞാൻ  പറഞ്ഞു: 'താങ്കളുടെ മാർഗ്ഗത്തിലൂടെ മുന്നോട്ടുപോകാൻ എനിക്കും ആഗ്രഹമുണ്ട്'. പെട്ടെന്ന് അദ്ദേഹം പറയുകയുണ്ടായി:  " ഞങ്ങൾ ഖിളർ(അ)ന്റെ മാർഗ്ഗത്തിലാണ്. നിങ്ങൾ മൂസാ നബി(അ) ന്റെ വഴിയിലും. രണ്ട്  വിഭാഗം ഇവിടെ ഒന്നിച്ച്  മുന്നേറുകയാണുവേണ്ടത്. ഒരു വിഭാഗം മറ്റൊന്നിൽ പ്രവേശിക്കുവകയല്ല. അതുകൊണ്ട് നിങ്ങൾ നല്ല വണ്ണം ദർസ് നടത്തുകയും മഹത്തായ സ്ഥാപങ്ങൾ ഉണ്ടാക്കുകയും പ്രസംഗിക്കുകയും എല്ലാം വേണം".

ശൈഖുന തുടരുന്നു: "വാദപ്രതിവാദ സ്റ്റേജുകളിൽ ഞാൻ കൂടുതൽ പരിചയപ്പെട്ടിട്ടില്ലാത്ത തൊള്ളായിരത്തി എഴുപതുകളിൽ ചില സംഭവികാസങ്ങളുണ്ടായി. മർഹൂം ഇ.കെ ഹസ്സൻ മുസ്‌ലിയാർ വാദപ്രതിവാദ സ്റ്റേജുകളിൽ വെട്ടിത്തിളങ്ങുന്ന സന്ദർഭമായിരുന്നു അത്. ഖണ്ഡന പരിപാടികളിൽ ഞാനും നിരന്തരം പങ്കെടുക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ പാലക്കാട്ട് മുജാഹിദുകളുമായി  വാദപ്രതിവാദത്തിനു സന്ദര്ഭമുണ്ടായി. തവസ്സുൽ, ഇസ്തിഗാസ, സ്ത്രീജുമുഅഃ ജമാഅത്ത്, എന്നീ വിഷയങ്ങളിൽ മൂന്നുദിവസത്തെ വാദപ്രദിവാദത്തിനാണ് അവർ സമ്മതിച്ചിരുന്നതെങ്കിലും സ്ഥലവുംസമയവും തിയ്യതിയും തീരുമാനിച്ചിരുന്നില്ല. ബഹു ഹസ്സൻ മുസ്‌ലിയാർ(ന.മ) ഹജ്ജിന് പുറപ്പെട്ട തക്കം നോക്കി 'പൂടൂർ' എന്ന സ്ഥലത്തുവെച്ച് മുജാഹിദുകൾ വാദപ്രദിവാദത്തിനു തിയ്യതി കുറിച്ചു.

ഈ സ്ഥിതിവിശേഷം പരിഗണിച്ച് പ്രശ്നങ്ങൾ വിലയിരുത്തി വിഷയങ്ങൾ ചർച്ച ചെയ്യാനായി പട്ടിക്കാട് ജാമിഅ നൂരിയ്യ:യിൽ സുന്നീ പണ്ഡിതർ ഒരുമിച്ചു കൂടി. മർഹൂം ശംസുല്ഉലമാ ഇ.കെ അബൂബക്ർ മുസ്‌ലിയാർ , മർഹൂം കേട്ടുമല അബൂബക്ർ മുസ്‌ലിയാർ, മർഹൂം വാണിയമ്പലം അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങിയ എല്ലാവരും കൂടി മുജാഹിദുകളുമായി  വാദപ്രദിവാദം നടത്തുന്നതിനായി എന്നെ തെരെഞ്ഞെടുത്തു. വാദപ്രദിവാദാം പരിചയമില്ലാത്ത ഞാൻ അല്ലാഹുവിൽ തവക്കുലാക്കി അതേറ്റെടുത്തു. വാദപ്രദിവാദത്തിനു മുമ്പ് ബഹു സി. എം അവർകളെ കൊണ്ട് ദുആ ചെയ്യിപ്പിക്കാൻ ശൈഖുനയെ തേടി പല സ്ഥലത്തും ഞാൻ കറങ്ങി. ഒരു സ്ഥലത്തെത്തുമ്പോഴേക്കും അദ്ദേഹംമറ്റൊരു സ്ഥലത്തേക്ക് പോയിട്ടുണ്ടാകും. ഇങ്ങനെ ദിവസങ്ങളോളം പല സ്ഥലങ്ങളിലും ഞാൻ പോയിനോക്കി. അദ്ദേഹത്തെ കണ്ടില്ല. അങ്ങനെ വാദപ്രദിവാദത്തിനു മുമ്പ് മഞ്ഞക്കുളം മഖാമിൽവെച്ച് മുഴുവൻ അമ്പിയാക്കൾക്കും ഔലിയാക്കൾക്കും ഞാൻ ഫാത്തിഹ ഓതി. കൂട്ടത്തിൽ ബഹു ഖളിർ(അ), സി. എം. അബൂബക്ർ മുസ്‌ലിയാർ എന്നിവർക്ക് പ്രത്യേകമായി ഫാത്തിഹ ഓതി ആദിയായ ചെയ്തു. നേരില്കാനൻ കഴിഞ്ഞിട്ടില്ലെങ്കിലും ശൈഖുന എന്റെ പ്രശ്നം അറിയുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. വാദപ്രദിവാദത്തിന്  പൂടൂരിലേക്ക് പുറപ്പെടാൻ സമയമായിക്കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെ അബ്ദുറഹ്മാൻ എന്ന ഒരാളെ ബഹു സി.എം അവർകൾ പാലക്കാട്ടേക്ക് പറഞ്ഞയച്ചു. "വാദപ്രദിവാദം ഹഖും ബാത്വിലും തമ്മിലാണ്. അതിനാൽ ഹഖിനുവേണ്ടി വാദിക്കുന്ന നിങ്ങളുടെ കൂടെ മുഴുവൻ ഔലിയാക്കളുമുണ്ട്, ഭയപ്പെടേണ്ട". സി.എം.അവർകളുടെ ഈ ഉപദേശം എന്റെ മനസ്സിന് ധൈര്യം പകർന്നു .

വാദപ്രദിവാദം ആരംഭിച്ചു. പരിശുദ്ധ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ സമർത്ഥിക്കുവാനും എതിരാളികളുടെ വാദമുഖങ്ങൾ ഖണ്ഡിച്ചുകൊണ്ട്  മറുപടിനൽകുവാനും അല്ലാഹു എനിക്ക് തൗഫീഖ് നൽകി. ഔലിയാക്കളുടെ ബറക്കത്തുകൊണ്ട് സുന്നത്ത് ജമാഅത്തിന് പൂർണ്ണ വിജയം കിട്ടി.

മൂന്നു ദിവസത്തെ വാദപ്രദിവാദം കഴിഞ്ഞു ഞാൻ നാട്ടിലേക്ക് മടങ്ങി.എനിക്കു  പനിപിടിച്ചു. ശക്തമായ പനി. മൂന്നു ദിവസം നാലു  ഡോക്ടർമാർ പരിശോദിച്ചു മരുന്ന് കഴിച്ചു. 110 ഡിഗ്രിയിൽ നിന്ന്  പനി  കുറഞ്ഞില്ല. അങ്ങനെ വിഷമിക്കുമ്പോൾ രാത്രി ഞാൻ ഔലിയാക്കളുടെ പേരിൽ ഫാതിഹ ഓതി അൽപസമയം ഉറങ്ങി. ഉറക്കത്തിൽ ഞാൻ വലിയ ഒരു മതിലിനു താഴെ നടക്കുന്നു. ഒരാൾ എന്റെ കൂടെ വന്ന്  പലതും സംസാരിക്കുന്നു. എന്റെ ചുമലി അയാൾ കൈവെക്കുന്നു. പരിചയമില്ലാത്തതിനാൽ  ഞാൻ അയ്യാളെ തട്ടി മാറ്റുന്നു. വീണ്ടും അയ്യാൾ എന്നെ പിന്തുടരുന്നു. ഒരു വളവിൽ എത്തിയപ്പോൾ അവിടെ ഒരു വല നിവർത്തിവെച്ചതായും അതിനടിയിൽ ഒരു വലിയ കുഴിയുള്ളതായും എനിക്കുതോന്നുന്നു. എന്നെ അയ്യാൾ അതിലേക്കു പിടിച്ചു വലിക്കുന്നു. ഞാൻ അതിൽ വീഴാതെ പുറത്തേക്ക് ചാടി മാറുന്നു. വീണ്ടും എന്നെ വലയിലേക്ക് വലിച്ചുകൊണ്ടേയിരുന്നു. അപ്പോൾ ബഹു സി.എം  പ്രത്യക്ഷപ്പെട്ടു. ഉടനെ അക്രമി ജീവനുംകൊണ്ടോടി. ശൈഖുനാ സി.എം എന്റെ സമീപം എത്തിയപ്പോൾ നടന്ന സംഭവങ്ങളെല്ലാം ഞാൻ വിശദീകരിച്ചു കൊടുത്തു. അപ്പോൾ അവർ എന്റെ വായ തുറക്കാൻ ആജ്ഞാപിച്ചു. ഞാൻ വായ തുറന്നുകൊടുത്തു. അപ്പോൾ എന്റെ വായിൽ നിന്ന് എന്തോ എടുത്തുകളഞ്ഞു. എന്നിട്ട് "താങ്കൾ ഭയപ്പെടരുത്" എന്ന് അറബി ഭാഷയിൽ എന്നെ ഉപദേശിച്ചുകൊണ്ട് ശൈഖുനാ സ്ഥലം വിട്ടു. അന്ന് നേരം പുലർന്നപ്പോഴേക്കും എന്റെ പനി നിശ്ശേഷം മാറിയിരുന്നു. ഡോക്ടർമാർ എല്ലാം കൂടി ശ്രമിച്ചിട്ടു  110  ഡിഗ്രിയിൽ നിന്നും ഒട്ടും കുറയാത്ത പണി ശൈഖുന സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞ ഒരൊറ്റ വാക്കുകാരണം അതേ രാവിൽ പൂർണ്ണമായും സുഖമായി. അൽഹംദുലില്ലാഹ്.

എന്നാൽ അതിലധികം എന്നെ അത്ഭുതപ്പെടുത്തിയ സംഭവമാണ് പിന്നീടുണ്ടായത്. എന്റെ പനിമാറി ക്ഷീണമെല്ലാം പാടെ വട്ടകന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ താമരശ്ശേരിയിൽ ഒരു വീട്ടിൽ ശൈഖുന വന്നിട്ടുണ്ടെന്ന് ഞാൻ കേട്ടു. താമസിയാതെ ശൈഖുനയെ മുഖദാവിൽ കാണാനുള്ള അടങ്ങാത്ത ആഗ്രഹുമായി ഞാൻ അവിടെ ചെന്ന് സലാമ് പറഞ്ഞുകൊണ്ട് അകത്തേക്ക് പ്രവേശിച്ചു. സലാം മടക്കി സ്ഫുടമായ അറബിഭാഷയിൽ ശൈഖുന തുടന്നു...

أما قلت لك لا تخف، فأقول لك الآن لا تحزن،

(താങ്കൾ ഭയപ്പെടേണ്ട എന്ന് ഞാൻ ഞിങ്ങളോട് പറഞ്ഞില്ലേ! അതുകൊണ്ട് ഇപ്പോൾ ഞാൻ വീണ്ടും പറയുന്നു. താങ്കൾ ദുഃഖിക്കുകയും മുഷിപ്പാവുകയും വേണ്ട)

ദർസിൽ ഓതി താമസിച്ചിരുന്ന കാലത്ത് എനിക്ക് കിതാബ് വാങ്ങിയിട്ടും മറ്റുമായി കുറച്ചുകടം ഉണ്ടായിരുന്നു. അന്ന് അറിയപ്പെടുന്ന പല മഹാന്മാരുടെയും ഔലിയാക്കളുടെയും അടുത്തുപോയി ഇൽമിന്ന്  വേണ്ടിയും കടം വീടാണ് വേണ്ടിയും ഞാൻ ദുആ ചെയ്യിപ്പിക്കാറുണ്ടായിരുന്നു. അങ്ങനെ മർഹൂം ചാപ്പനങ്ങാടി ബാപ്പുമുസ്ലിയാരുടെ അടുത്ത് ചെന്ന് എല്ലാ ഖൈറുകൾക്കും വേണ്ടി ദുആ ചെയ്യിപ്പിച്ചു. കടം വീടുവാൻ വേണ്ടി ദുആ ചെയ്യുവാൻ പറഞ്ഞപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു:'കടം അധികമാകുന്നതിനെ തൊട്ട് കാവലിനെ  ചോദിക്കാൻ നബി(സ) പഠിപ്പിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് കടം കൊണ്ട് വിഷമം ഉണ്ടാവാതിരിക്കട്ടെ' എന്നവിടന്നു പ്രാർത്ഥിച്ചു.

പിന്നീട് സി.എം അവർകളെ കണ്ട് എല്ലാ കാര്യങ്ങളുംപറഞ്ഞ കൂട്ടത്തിൽ കടം വീടുവാൻ വേണ്ടി ദുആ ചെയ്യുവാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ മർഹൂം ചാപ്പനങ്ങാടി (ന.മ)പറഞ്ഞ അതെ മറുപടിയും പ്രാർത്ഥനയുമായിരുന്നു അവിടെ നിന്നും ഉണ്ടായിരുന്നത്.  പിന്നീട് ഞാൻ വെല്ലൂരിൽ നിന്ന് തഹ്‌സ്വീലായി വന്ന് ദർസ് തുടങ്ങിയിട്ടും കടങ്ങൾ പൂർണ്ണമായും വീടിയില്ല. അങ്ങനെയിരിക്കെ ഒരു വീട്ടിൽ ശൈഖുനാ വന്നപ്പോൾ ഞാൻ അവിടെ ചെന്ന് സലാംപറഞ്ഞ ഉടനെ കിടക്കയിൽ നിന്നും എഴുന്നേറ്റ് നിന്ന് കൊണ്ട് 'നിങ്ങൾക്ക് 4963 രൂപ 34 പൈസ കടം ഉണ്ട്. അത് ഒരു മാസത്തിനുള്ളിൽ വീടും' എന്ന് ഒരൊറ്റ പറയൽ.ഞാനാകെ വിസ്മയിച്ചുപോയി. കാരണം എനിക്ക് പലർക്കും കൊടുക്കാനുണ്ടെന്ന് ഓർമയുണ്ടെന്നതിനപ്പുറം ആകെ എത്ര സംഖ്യയെന്ന് വ്യക്തമായി ഓര്മയില്ലായിരുന്നു. അന്ന് വീട്ടിൽ ചെന്ന് ഞാൻ പലസ്ഥലങ്ങളിലായി എഴുതിവെച്ചതും ഓർമ്മയിൽവെച്ചതുമെല്ലാം കൂടി ഒന്നിച്ചുകൂട്ടി നോക്കുമ്പോൾ സി.എം. അവർകൾ പറഞ്ഞ സംഖ്യക്ക് വ്യത്യാസമില്ലായിരുന്നു. മാത്രമല്ല അവിടുന്ന് പറഞ്ഞപ്രകാരം അന്നുതൊട്ട് ഒരു മാസത്തിനകം എന്റെ മുഴുവൻ കടങ്ങളും പൂർണ്ണമായും വീടും ചെയ്ത്.

ശൈഖുനാ പറയുന്നു: വേർപാടിന്ന്  തൊട്ട്മുമ്പ് അവരുമായിക്കണ്ട് പലകാര്യങ്ങളും സംസാരിച്ചു. ഭൗതികവും ആത്മീയവുമായ എല്ലാ പ്രശ്നങ്ങളിലും മനസ്സിന് ധൈര്യവും ശക്തിയും പകരുന്ന ഉപദേശങ്ങൾ അവിടുന്ന് നൽകുകയുണ്ടായി. സി.എം. അവസാനമായി പറഞ്ഞ വരികൾ 'പ്രാസ്ഥാനികരംഗത്തും വിശ്വാസക്കർമാനുഷ്ഠാനങ്ങളിലും താങ്കൾ ഇപ്പോൾ ഏതൊരു മാർഗ്ഗത്തിലാണോ അത് സത്യമാണ്. ഹഖാണ്. ഈ ഹഖിനെ എതിർക്കുന്നത് ബാത്വിലുമാണ്'. എന്നായിരുന്നു.

ഹൃസ്വമായ കാലയളവിനുള്ളിൽ പ്രാസ്ഥാനികമായും ആശയപരമായും വലിയ മുന്നേറ്റങ്ങളുണ്ടാക്കാൻ ശൈഖുനാക്ക് സാധിച്ചിട്ടുണ്ട്.ശൈഖുനായുടെ കറാമത്തായിവേണം അതിനെ നോക്കിക്കാണാൻ.

കുടുംബം 

മാങ്ങാട് മർഹൂം അഹ്മദ് ഹാജിയുടെ മകൾ സൈനബാണ് ശൈഖുനായുടെ ഭാര്യ. ഡോ. അബ്ദുഹകീം സഖാഫി അസ്ഹരി , മൈമൂന,ഹഫ്സ്വ,സകീന, റൈഹാനത്,നജ്മഫിർദൗസി എന്നിവർ മക്കളാണ്. 

മർകസ് ജനറൽ മാനേജരും ശരീഅത്ത് കോളേജ് പ്രധാന അധ്യാപകനുമായ മുഹമ്മദ് ഫൈസി പന്നൂർ, അബ്ദുൽബാരി മുസ്‌ലിയാർ അണ്ടോണ. മർഹൂം ഇ.കെ ഹസൻമുസ്ലിയാരുടെ പുത്രൻ ഇ.കെ മുഹമ്മദ് കോയ സഖാഫി, ഉബൈദുല്ല സഖാഫി, സിറാജുദ്ദീൻ എന്നിവർ മരുമക്കളാണ്. 
 
മൂസാ സോന്കാൽ 
http://sunnisonkal.blogspot.com

ഞിങ്ങളുടെ പ്രാർത്ഥനയിൽ ഈ വിനീതനേയും ഉൾപ്പെടുത്തുക.