സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 23 May 2018

റമളാന്‍ ഓരോ ദിവസവും പ്രത്യേകം ചൊല്ലേണ്ട ദിക്റുകള്‍



റമളാനില്‍ ഓരോ ദിവസവും പ്രത്യേകം ചൊല്ലേണ്ട ദിക്റുകള്‍ താഴെ കൊടുക്കുന്നു.

റമളാന്‍ ഒന്ന്


“അല്ലാഹുവേ, എന്റെ വ്രതങ്ങളെ, സ്വീകാര്യത നേടിയ നിന്റെ നോമ്പുകാരുടേത് കണക്കെയും എന്റെ നിസ്കാരത്തെ നീ പൊരുത്തപ്പെടുന്ന നിസ്കാരക്കാരുടേതു പോലെ യും ആക്കണേ, ആരാധനാകാര്യത്തില്‍ അശ്രദ്ധ പുലര്‍ത്തുന്നവരുടെ നിദ്രയെ തൊട്ട് എ ന്നെ നീ ഉണര്‍ത്തുകയും ചെയ്യണേ”.

റമളാന്‍ രണ്ട്


“അല്ലാഹുവേ, നിന്റെ മഹത്തായ കാരുണ്യത്തെ മുന്‍നിര്‍ത്തി ഞാന്‍ ചോദിക്കുന്നു. നിന്റെ പ്രീതിയിലേക്കെന്നെ അടുപ്പിക്കണേ. നിന്റെ കോപവും ശിക്ഷയും എന്നെത്തൊട്ട് വിദൂരത്താക്കുകയും ചെയ്യണേ. നിന്റെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള ഭാഗ്യം കനിഞ്ഞരുളണേ.

റമളാന്‍ മൂന്ന്

‘അല്ലാഹുവേ, സുകൃതങ്ങള്‍ ചെയ്യാന്‍ പൂര്‍ണ മനസ്സും ഉണര്‍വ്വും എനിക്കു നീ ഔദാര്യമായി തരണേ. അശ്രദ്ധയും അബദ്ധവും എന്നില്‍ നിന്ന് അകറ്റുകയും ചെയ്യണേ. നിന്റെ മഹത്തായ ദാനശീലത്തെ മുന്‍നിര്‍ത്തി ഞാന്‍ ചോദിക്കുന്നു. ഈ ദിനത്തില്‍ നിന്റെ വിശിഷ്ട ദാസന്മാര്‍ക്കുമേല്‍ അവതരിക്കുന്ന സര്‍വ്വ അനുഗ്രഹത്തില്‍ നിന്നും ഒരു വിഹിതം എനിക്കും നീ വിധിച്ചരുളണേ.’

റമളാന്‍ നാല്

“അല്ലാഹുവേ, നിന്റെ ആജ്ഞകള്‍ അനുവര്‍ത്തിക്കാനെനിക്കു നീ ശക്തിപകരണേ. നിന്റെ ദിക്റിന്റെ മാധുര്യം എന്നെ രുചിപ്പിക്കണേ. നിന്റെ മാഹാത്മ്യത്തെ മുന്‍നിര്‍ത്തി ചോദിക്കട്ടെ. നിനക്കുള്ള കൃതജ്ഞതാ സമര്‍പ്പണത്തിനു മനസ്സിനെ നീ പാകപ്പെടുത്തിത്തരണേ.”

റമളാന്‍ അഞ്ച്

“അല്ലാഹുവേ, നിന്റെ കൃപകൊണ്ട് എന്നെ ഭക്തരും സച്ചരിതരുമായ അടിമകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തണേ. സൂക്ഷ്മദൃക്കുകളായ നിന്റെ ഔലിയാഇന്റെ കൂട്ടത്തില്‍ എനിക്കും സ്ഥാനം നല്‍കണേ. പാപമോചനത്തിനര്‍ഥിക്കുന്ന അനേകരില്‍ ഒരാളാണ് ഞാനും. അവരുടെ അര്‍ഥനകള്‍ നീ സ്വീകരിക്കുമ്പോള്‍ ആ ഗണത്തില്‍ എന്റെതും നീ ഉള്‍പ്പെടുത്തി അനുഗ്രഹിക്കണേ.”

റമളാന്‍ ആറ്

“അല്ലാഹുവേ, നിനക്കെതിരു പ്രവര്‍ത്തിക്കാനുള്ളസാഹചര്യം തന്നുകൊണ്ട് എന്നെ നീ പരാജയപ്പെടുത്തരുതേ. നിന്റെ ഭയാനക ശിക്ഷയുടെ ചാട്ടവാറെനിക്ക് വിധിക്കല്ലേ. എല്ലാവിധ പ്രതീക്ഷകളുടെയും അത്യന്തിക കേദാരമായ നാഥാ, നിന്റെ കോപത്തിനു വിധേയമാക്കുന്ന കാര്യങ്ങളില്‍ നിന്നെന്നെ നീ ഒഴിച്ചുനിര്‍ത്തണേ.”

റമളാന്‍ ഏഴ്

വ്രതാനുഷ്ഠാനത്തിനും തറാവീഹടക്കമുള്ള നിസ്കാരങ്ങള്‍ക്കും എന്നെ നീ സഹായിക്കണേ. ഈ ദിനത്തില്‍ വന്നുപെടുന്ന കുറ്റങ്ങളും കുറവുകളും നീ അകറ്റിത്തരണേ. സത്യവിശ്വാസികള്‍ക്കു സന്മാര്‍ഗപാത നല്‍കിയ തമ്പുരാനേ, നിന്റെ സ്മരണ എന്നെന്നും നിലനിര്‍ത്താനെനിക്കു ഭാഗ്യം തരണേ.

റമളാന്‍ എട്ട്

അല്ലാഹുവേ, ഈ ദിനത്തില്‍ അനാഥകള്‍ക്കു കാരുണ്യം ചെയ്യാനും അന്നപദാനാദികള്‍ ദാനം ചെയ്യാനും സലാം അഭിവാദനങ്ങള്‍ നിര്‍വഹിക്കാനും എനി ക്കു പൂര്‍വ്വോപരി അവസരം നല്‍കണേ. എല്ലാവരുടെയും അഭയകേന്ദ്രമായ നാഥാ, നല്ലവരോട് സഹവസിക്കാന്‍ നീയെനിക്കു ഭാഗ്യം നല്‍കൂ. ഗുരുത്തം കെട്ട കൂട്ടുകാരൊത്തുള്ള വെടിപറച്ചില്‍ ഉപേക്ഷിക്കാന്‍ എന്നെ നീ തുണക്കൂ.”

റമളാന്‍ ഒമ്പത്

“അല്ലാഹുവേ, ഈ ദിനത്തില്‍ നിന്റെ വിശാലമായ കാരുണ്യത്തെ എനിക്കേകണേ. നിന്റെ സുവ്യക്തമായ പ്രമാണങ്ങള്‍ക്കെന്നെ പാകപ്പെടുത്തണമേ. നിന്റെ മ ഹത്തായ മുഹബ്ബത്ത് കൊണ്ട് നിന്റെ സമ്പൂര്‍ണ സംതൃപ്തിയിലേക്ക് എന്നെ ആനയിക്കണേ.”

റമളാന്‍ പത്ത്

“എല്ലാ അര്‍ഥനകളുടെയും ആത്യന്തിക പ്രതീക്ഷയായ തമ്പുരാനേ, നിന്നില്‍ സര്‍വ്വം സമര്‍പ്പിക്കുന്നവരുടെ ഗണത്തില്‍ എന്നെയും നീ പെടുത്തുക. നിന്നിലേ ക്ക് അടുക്കുന്നവരുടെയും നിന്റെ പരിഗണനയില്‍ വിജയം വരിക്കുന്നവരുടെയും കൂട്ടത്തില്‍ എന്നെയും ഉള്‍പ്പെടുത്തേണമേ”.

റമളാന്‍ പതിനൊന്ന്

“അല്ലാഹുവേ, നിന്റെ മഹത്തായ സഹായത്താല്‍ നന്മ എനിക്കു പ്രിയപ്പെട്ടതും തിന്മ വര്‍ജ്യവുമാക്കിത്തരണേ. അല്ലാഹുവിന്റെ വെറുപ്പും നരകവും എനിക്കന്യമായി വിധിക്കുകയും ചെയ്യേണമേ”.

റമളാന്‍ പന്ത്രണ്ട്

“അല്ലാഹുവേ, ഈ സുദിനത്തില്‍ നിന്റെ മാപ്പും മറയും കൊണ്ടെന്നെ ഭംഗിയാക്കിത്തരികയും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന മതിയായ വസ്ത്രം കൊണ്ട് എന്നെ അലങ്കരിക്കുകയും ചെയ്യണേ. അഭയാര്‍ഥികളുടെ ആശാകേന്ദ്രമായ തമ്പുരാനേ, നന്മയുടെയും അനുഗ്രഹത്തിന്റെയും തുണിത്തരങ്ങള്‍ എന്റെമേല്‍ നീ ചാര്‍ത്തണേ”.

റമളാന്‍ പതിമൂന്ന്

“അല്ലാഹുവേ, അഴുക്കില്‍ നിന്നെന്നെ സംശുദ്ധമാക്കുകയും നിന്റെ വിധികളില്‍ ക്ഷമിക്കാനുള്ള ശക്തി പകര്‍ന്നുതരികയും ചെയ്യേണമേ. ദുര്‍ബലരുടെ ശ ക്തികേന്ദ്രമായ തമ്പുരാനേ, ഗുണവാന്മാരൊത്തുള്ള സഹവാസത്തിനും തഖ്വക്കും എ നിക്കു നീ സൌഭാഗ്യം നല്‍കണേ”.

റമളാന്‍ പതിനാല്

“അല്ലാഹുവേ, എനിക്കു സംഭവിച്ച പാകപ്പിഴകള്‍ കാരണമായെന്നേ ശിക്ഷിക്കരുതേ. കുറ്റങ്ങളും തെറ്റുകളും നീ തുടച്ചുമാറ്റിത്തരണേ. നിന്റെ മഹത്തായ പ്രതാപത്തിനു പ്രണാമമര്‍പ്പിച്ചു ഞാന്‍ കേഴുന്നു. എന്നെ നീ വിഷമങ്ങള്‍ക്കും ദുരിതങ്ങള്‍ ക്കുമുള്ള നാട്ടക്കുറിയാക്കി മാറ്റരുതേ”.

റമളാന്‍ പതിനഞ്ച്

“അല്ലാഹുവേ, നിന്നെ വണങ്ങുന്നവരുടെ ഗണത്തില്‍ എന്നെയും ഉള്‍പ്പെടുത്തുക. എന്റെ മനോമുകുരത്തില്‍ യഥാ ര്‍ഥ ഭക്തരുടെ ഭക്തിനിറക്കുക. നിന്റെ മഹത്തായ അഭയത്തെ മുന്‍നിര്‍ത്തി ഞാന്‍ ചോദിക്കട്ടെ. നിന്റെ ഇഷ്ടന്മാര്‍ നിന്നിലേക്ക് മടങ്ങുമ്പോഴുണ്ടാകുന്ന അനുഭൂതി എനിക്കും അനുഭവിക്കാന്‍ അവസരം നല്‍കണേ”.

റമളാന്‍ പതിനാറ്

“നല്ലവര്‍ ചെയ്യുന്നത് ചെയ്യാന്‍ എനിക്കും ഭാഗ്യം തരണേ. ചീത്ത ജനങ്ങളോടൊത്ത് ചേരുന്നതില്‍ നിന്നെന്നെ കാത്തരുളുകയും ചെയ്യണേ. സുസ്ഥിര സങ്കേതത്തില്‍ നിന്റെ അനുഗ്രഹത്തിലേക്കെന്നെയും കൂട്ടിത്തരണേ”.

റമളാന്‍ പതിനേഴ്

“അല്ലാഹുവേ, നല്ലകാര്യങ്ങള്‍ക്ക് എനിക്കു മാര്‍ഗദര്‍ശനം ചെയ്യണേ. എന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും പൂവണിയിക്കണേ. സര്‍വലോകരുടെയും മനസ്സാന്തരത്തെ അറിയുന്ന നിനക്കു മുമ്പില്‍ എന്റെ ആഗ്രഹങ്ങള്‍ വിശദീകരിക്കേണ്ടതില്ലല്ലോ”.

റമളാന്‍ പതിനെട്ട്

“അല്ലാഹുവേ, ഈ ദിനത്തിലെ അത്താഴപ്പുണ്യത്തിനെന്നെ ഉണര്‍ ത്തുകയും പരിശുദ്ധ പ്രഭ കൊണ്ട് എന്റെ മനോമുകുരത്തെ ദീപ്തമാക്കുകയും ചെയ്യണേ. ആരിഫീങ്ങളുടെ മനോമണ്ഡലത്തില്‍ പ്രഭയുതിര്‍ക്കുന്ന തമ്പുരാനേ, റമളാന്‍ ല ക്ഷ്യമാക്കുന്ന മഹത്തായ സന്ദേശം എന്റെ സര്‍വ്വ അംഗങ്ങള്‍ കൊണ്ടും ഉള്‍ക്കൊള്ളാന്‍ നീ വഴിയൊരുക്കിത്തരണേ”.
റമളാന്‍ പത്തൊമ്പത്
“അല്ലാഹുവേ, റമളാന്റെ പുണ്യവിഹിതം എനിക്കും നീ പൂര്‍ത്തിയാക്കിത്തരികയും നന്മയിലേക്കുള്ള വഴി എളുപ്പമാക്കിത്തരികയും ചെയ്യണേ. സത്യമാ ര്‍ഗത്തിലേക്കു വഴിനടത്തുന്ന നാഥാ, റമളാന്റെ ഗുണത്തെ അല്‍പ്പം പോലും എനിക്കു നീ തടയരുതേ”.

റമളാന്‍ ഇരുപത്

“അല്ലാഹുവേ, സ്വര്‍ഗകവാടങ്ങള്‍ എനിക്കു തുറന്നുതരണേ. നരകകവാടങ്ങള്‍ എന്നെത്തൊട്ട് കൊട്ടിയടക്കണേ. സത്യവിശ്വാസികളുടെ മനോമുകുരത്തില്‍ ശാന്തിനിറക്കുന്ന റബ്ബേ, ഖുര്‍ആന്‍ പാരായണത്തിനെനിക്കു തൌഫീഖ് തരണേ”.

റമളാന്‍ ഇരുപത്തൊന്ന്

“അല്ലാഹുവേ, നിന്റെ പൊരുത്തത്തിന് ഒരു പ്രമാണം എനിക്കു നിശ്ചയിച്ചുതരിക. പിശാചിന് എന്റെ മേല്‍ നീ പഴുതൊരുക്കല്ലേ. സ്വര്‍ഗത്തെ എന്റെ ആ ത്യന്തിക ഭവനമാക്കിത്തരണേ. എല്ലാ അപേക്ഷകരുടെയും ആഗ്രഹം വീട്ടുന്നവനാണ ല്ലോ നീ.”

റമളാന്‍ ഇരുപത്തിരണ്ട്

“അല്ലാഹുവേ, നിന്റെ മഹത്തായ അനുഗ്രഹ വാതിലുകള്‍ എ നിക്കും തുറന്നുതരൂ. റമളാന്‍ പുണ്യത്തെ എനിക്കും അവതരിപ്പിച്ചുതരൂ. നിന്റെ പൊരുത്തമനുസരിച്ച് നീങ്ങാന്‍ എനിക്ക് തൌഫീഖ് തരണേ. റമളാന്‍ പുണ്യം കാരണമായി നി ന്റെ സ്വര്‍ഗത്തോട്ടത്തില്‍ ഒരിടം എനിക്കും നീ ഓശാരം തരണേ. വിഷമത്തിലകപ്പെട്ടവന്റെ പ്രാര്‍ഥന തള്ളിക്കളയാത്തവനാണല്ലോ നീ”.

റമളാന്‍ ഇരുപത്തിമൂന്ന്

“അല്ലാഹുവേ, ഈ ദിനത്തില്‍ നീ എന്നിലെ പാപക്കറ കഴുകുകയും പോരായ്മകളില്‍ നിന്നെന്നെ ശുദ്ധീകരിക്കുകയും ചെയ്യണേ. ഹൃദയത്തിന്റെ ത ഖ്വക്ക് എന്റെ ഖല്‍ബിനെയും നീ കടഞ്ഞെടുക്കണേ. കുറ്റവാളികളുടെ തെറ്റുകള്‍ നിര്‍ വീര്യമാക്കുന്ന ഔദാര്യവാനാണല്ലോ നീ”.

റമളാന്‍ ഇരുപത്തിനാല്

“അല്ലാഹുവേ, നീ തൃപ്തിപ്പെടുന്നതിനെ തൊട്ട് നിന്നോട് ഞാന്‍ ചോദിക്കുകയും നിന്നെ വെറുപ്പിക്കുന്നതിനെത്തൊട്ട് കാവല്‍ തേടുകയും ചെയ്യുന്നു. നിനക്കെതിരു പ്രവര്‍ത്തിക്കാതെ പൂര്‍ണമായി അനുസരിക്കാനുള്ള സൌഭാഗ്യത്തിനായി നിന്നോട് ഞാന്‍ കേഴുന്നു. ചോദ്യകര്‍ത്താക്കളുടെ അവസ്ഥ അറിയുന്നവനാണല്ലോ നീ”.

റമളാന്‍ ഇരുപത്തഞ്ച്

“നിന്റെ ശത്രുക്കളോട് പടവെട്ടുകയും നിന്റെ ഔലിയാഇനെ പ്രിയം വെക്കുകയും ചെയ്യുന്നവരുടെ ഗണത്തില്‍ എന്നെയും അംഗമാക്കണേ. നിന്റെ നബിയുടെ ചര്യ പിന്തുടരാന്‍ എനിക്കു നീ ഭാഗ്യം തരണേ. പ്രവാചകരുടെ മനസ്സുകളെ കുറ്റവിമുക്തമാക്കിയവനാണല്ലോ നീ”.

റമളാന്‍ ഇരുപത്തിയാറ്

“എന്റെ പരിശ്രമങ്ങള്‍ നിനക്കുള്ള കൃതജ്ഞതയായി നീ പരിഗണിക്കണേ. എന്റെ പാപങ്ങള്‍ പൊറുത്തുതരണേ. എന്റെ എല്ലാ ന്യൂനതകളും നിന്റെ ഔ ദാര്യത്താല്‍ മറച്ചുവെക്കണേ. ദുഃഖിതരുടെ രോദനങ്ങള്‍ കേള്‍ക്കുന്നവനാണല്ലോ നീ”.

റമളാന്‍ ഇരുപത്തിയേഴ്

“ഈ ദിനത്തില്‍ ലൈലതുല്‍ ഖദ്റിന്റെ മഹത്വം എനിക്കു നീ സിദ്ധമാക്കണേ. എന്റെ എല്ലാ കാര്യങ്ങളും ഞെരുക്കത്തില്‍ നിന്ന് എളുപ്പമാക്കിത്തരികയും ചെയ്യണേ. എന്റെ ഒഴിവുകഴിവ് പറച്ചിലിനെ നീ സ്വീകരിക്കുകയും ശിക്ഷ ഒഴിവാക്കുകയും ചെയ്യണേ. നല്ല ദാസന്മാരോട് കരുണ കാണിക്കുന്നവനാണല്ലോ നീ”.

റമളാന്‍ ഇരുപത്തെട്ട്

“അല്ലാഹുവേ, ഐച്ഛിക കര്‍മ്മങ്ങളില്‍ നിന്നുള്ള എന്റെ വിഹിതത്തെ നീ പൂര്‍ത്തിയാക്കിത്തരണേ. എന്റെ ആവശ്യങ്ങളും നേട്ടങ്ങളും വിജയപ്രദമാക്കി എന്നെ നീ മാനിക്കുകയും ചെയ്യണേ. നിന്നിലേക്കുള്ള എന്റെ വസീലയെ നീ അടുപ്പിച്ചുതരണേ. കീര്‍ത്തിച്ചാവശ്യപ്പെടുന്നവരെ മടുപ്പിക്കാത്ത പ്രകൃതമുള്ളവനാണല്ലോ നീ”.

റമളാന്‍ ഇരുപത്തൊമ്പത്

“അല്ലാഹുവേ, ഈ സുദിനത്തില്‍ നിന്റെ റഹ്മത്തും തൌഫീഖും പാപങ്ങളില്‍ നിന്നുള്ള മുക്തിയും എനിക്ക് വിധിച്ചരുളണേ. ഇരുളിന്റെ അഗാധതയില്‍ നിന്ന് എന്റെ മനസ്സിനെ നീ പരിശുദ്ധമാക്കിത്തരണേ”.

റമളാന്‍ മുപ്പത്

“പുണ്യദൂതരുടെയും വിശുദ്ധ കുടുംബത്തിന്റെയും ഹഖ് കൊണ്ട് എന്റെ നോമ്പിനെ നിനക്കുള്ള നന്ദിപ്രകാശനമാക്കുകയും നീയും തിരുനബിയും പൊരുത്തപ്പെടുന്ന വിധിപ്രകാരമുള്ളതാക്കുകയും ചെയ്യേണമേ. അവിശ്വാസികള്‍ മെനഞ്ഞുണ്ടാക്കിയ അയോജ്യവിശേഷങ്ങളെതൊട്ട് നിന്നെ ഞാന്‍ വിശുദ്ധനാക്കുന്നു. നിനക്കുതന്നെ സര്‍വ്വസ്തുതിയും. പ്രവാചകരുടെ മേല്‍ സലാം”.